Saturday, September 19, 2009

അമ്മയെ പഴിക്ക്... ..

Posted by Picasa


“ഇതുപോലുള്ള മക്കള്‍..."
മക്കള്‍ എന്നും നല്ലവര്‍ തന്നെ,
മക്കള്‍ക്ക് ചൊല്ലും ചോറും കൊടുക്കുമ്പോള്‍
സ്നേഹം, ദയ, കരുണ,ഇവയും
കാട്ടിക്കോടുക്കാത്ത അമ്മയെ പഴിക്ക്...

പൊറുക്കാന്‍ ക്ഷമിക്കാന്‍ മപ്പാക്കാന്‍
പഠിപ്പിക്കാത്ത അമ്മയെ പഴിക്ക്...
അസ്ത്രം പോലെ പായുമാധുനീകയുഗത്തിന്റെ
ഒരു തീരാശാപമാം സമയമില്ലായ്മ.,
കുഞ്ഞിനെ ഉറക്കപ്പായില്‍ നിന്ന് ഡേ കെയറിലേക്ക്
ഉറക്കം തൂങ്ങുന്ന കുഞ്ഞിനെ തിരികെ വീട്ടിലേക്ക് -
വീടോ?
കഥ പറയാന്‍ സാവകാശമെവിടെ ?
വാരിപുണരാന്‍ എവിടെ നേരം ?
അഛനമ്മമാര്‍ക്കഭിപ്രായഭിന്നത..
ഈഗോയെന്ന ഇറക്കുമതി..
ഇതു കണ്ട് വളരുന്ന മക്കള്‍ ...

ഭൂമീദേവിയോളം ക്ഷമയുള്ള അമ്മ,
ഭര്‍ത്താവിനെ ദൈവമെന്നു കരുതിയ ഭാര്യ,
സ്നേഹവും സേവനവും
ശ്വാസോഛ്വാസമാക്കിയ ഗൃഹനാഥ,
അങ്ങനെയുള്ള ഭാവശുദ്ധിയുള്ള സ്ത്രീ-
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ...
അവരുടെ അഭാവം അഥവാ തിരോധാനമാണീ
ദുരവസ്ഥക്ക് കാരണം ....

ആര്‍ത്തട്ടഹസിച്ച് കലിതുള്ളി വരുന്ന
ഒരോ പുരുഷനെയും പ്രകോപിപ്പിച്ചത്
ഒരു സ്ത്രീ ആയിരിക്കും ..
അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടതായിരിക്കും,
സഹോദരിയുടെ ആക്ഷേപമായിരിക്കും
ഭാര്യയുടെ പുഛമായിരിക്കും
കാമുകി നിരസിച്ച പ്രണയമായിരിക്കും.

ഞാ‍ന്‍ ഈ വിധമൊക്കെ കാട്ടിയാല്‍
എന്നേ സ്നേഹിക്കുന്ന എന്റെ അമ്മ
പൊന്നാങ്ങളേന്ന് കരുതുന്ന ഓപ്പൊള്‍,
'എന്റെ ആദര്‍‌‌ശപുരുഷന്‍'
എന്ന് കരുതുന്ന പ്രണയിനി
ദൈവത്തെപ്പോലേ കരുതുന്ന ഭാര്യ
ഒരു തൂവല്‍സ്പര്‍ശം പോലെ എന്റെ മകള്‍...
ഇവരുടെയൊക്കെ മുന്നിലൊരു നീചപ്രവൃത്തി?
ചെയ്യില്ലൊരു പുരുഷനും...

അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന സ്ത്രീക്കാണ്.

44 comments:

പാവപ്പെട്ടവന്‍ said...

കഥ പറയാന്‍ സാവകാശമെവിടെ ?
വാരിപുണരാന്‍ എവിടെ നേരം ?
അഛനമ്മമാര്‍ക്കഭിപ്രായഭിന്നത..
ഈഗോയെന്ന ഇറക്കുമതി..
ഇതു കണ്ട് വളരുന്ന മക്കള്‍ ...

മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും, തഴുകലും
പുറം തട്ടിയുള്ള താരാട്ടു -
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ നീ ഉറങ്ങുക

തായിവൃക്ഷ തണലിന്‍
‍തനിമയും കഥയാകുന്നു.
താരാട്ടോതും തായൊരു
കടംങ്കഥയാകുന്നു
കര്‍മ്മവും ,കണികണ്ടുണര്‍ന്ന
കാലവും കൌതുകമാകുന്നു .
വീടിന്‍ കഥയും കൂട്ടായ്മയും ,
പഴങ്കഥകള്‍ ‍മാത്രം .
നേരും , നെറിയും, നേരമ്പോക്കും
നോവുകള്‍ മാത്രം .

ചേച്ചി മനോഹരമായിരിക്കുന്നു നിറഞ്ഞ ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

അമ്മേ പൊറുക്കുക...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെറുപ്പത്തില്‍ പഠിച്ച ഒരു കഥ ഓര്‍മ്മവരുന്നു.

മോഷ്ടിച്ച കുമ്പളങ്ങ കൊണ്ടു വന്നു കൊടുക്കുന്ന രണ്ടു വീട്ടിലെ മക്കള്‍. ഒരു വീട്ടിലെ അമ്മ അതു കൊണ്ട്‌ നല്ല കൂട്ടാനുണ്ടാക്കി കൊടുത്തു അടൂത്ത വീട്ടിലെ അമ്മ അതിനകത്ത്‌ ചെന്നിനായകം ചേര്‍ത്ത്‌ കൂട്ടാന്‍ വച്ചു കൊടൂത്തു - എന്നിട്ടു പറയുന്നു കട്ട കുമ്പളങ്ങ കയ്ക്കും എന്ന്‌

ഇപ്പോള്‍ ഇത്തരം കഥകളൊന്നും പഠിപ്പിക്കാന്‍ നേരമില്ലല്ലൊ, തെരക്കല്ലെ തെരക്ക്‌ മുകളിലേക്കു പോകാനുള്ള തെരക്ക്‌

പോസ്റ്റിന്‌ ആശംസകള്‍

Typist | എഴുത്തുകാരി said...

എല്ലാവര്‍ക്കും തിരക്കല്ലേ,അമ്മക്കും, അച്ഛനും മക്കള്‍ക്കുമെല്ലാം. അമ്മക്കു കഥ പറയാനുമില്ല്ല നേരം, മക്കള്‍ക്കതു കേള്‍‍ക്കാനുമില്ല.

Anonymous said...

അമ്മേ,
അമ്മ എന്നെ സ്നേഹിച്ചു വളർത്തി, ശരിയാ
അതല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാവുമായിരുന്നില്ല
എങ്കിലും അമ്മേ,
ഇളയമ്മാവൻ ഗുണം പിടിക്കത്തപ്പോ തള്ളിപറഞ്ഞതെന്താണ്‌?
അമ്മയുടെ അമ്മ മുലകൊടുത്ത്‌ ലാളിച്ചുവളർത്തിയ പൈതൽ ആയിരുന്നില്ലേ?
തറവാട്‌ പൊളിച്ച്‌ വീതിക്കാൻ സമ്മതിച്ചതെന്താണ്‌?
മുത്തശ്ശിയും മുതുമുത്തശ്ശിയും പിച്ചവച്ചു നടന്നതും മരിച്ചതും അവിടല്ലേ?
ഭാര്യയായ അമ്മായായ സ്ത്രീ മറന്നുവോ
അവൾ സഹൊദരിയായിരുന്നതും മകളായിരുന്നതും?
തറവാട്‌ പൊളിച്ച കിട്ടിയ പണം
വൃദ്ധമന്ദിരത്തിൽ സ്ഥലം ബുക്ക്‌ ചെയ്യാൻ കൊടുക്കുക
എന്തെന്നാൽ തറവാടിന്റേയും ഓർമകളുടേയും മൂല്യമേ
പാരമ്പര്യത്തിനും ഉണ്ടാവൂ, മക്കളത്‌ കണ്ടിരിക്കുന്നു
ഓർമ്മകളും സ്നേഹവും മാറി നിൽക്കട്ടെ
മക്കൾ തങ്ങളുടെ മക്കളെ പോറ്റാൻ പാഞ്ഞു നടക്കുന്നു
തലമുറകൾ പാരമ്പര്യം തുടരുന്നു

അരുണ്‍ ചുള്ളിക്കല്‍ said...

അമ്മമാര്‍ ഉണ്ട് എന്നത് തന്നെ ആശ്വാസം...അതിനെങ്കിലും സമ്മതിക്കുന്നുണ്ടല്ലോ...അച്ഛന്മാരും അങ്ങിനെ തന്നെ.

കഥയായിപോകുന്ന അമ്മമാര്‍ക്കും അമ്മൂമ്മയ്ക്കും മുത്തശിക്കുമെല്ലാം വേദനയോടെ പ്രണാമം

ടീച്ചര്‍ ചിന്ത നന്നായി.

കുമാരന്‍ | kumaran said...

പെണ്ണു നന്നായാൽ നാട് നന്നായി...

കൊട്ടോട്ടിക്കാരന്‍... said...

അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന സ്ത്രീക്കാണ്.

തിരുത്തുകയല്ല മനസ്സിലാക്കുകയാണു വേണ്ടതെന്നാണ് എനിയ്ക്കു തോന്നുന്നത്... ഈ തിരക്കുപിടിച്ച ജീവിതത്തില്‍ ഒന്നിനും സമയം കണ്ടെത്താന്‍ നമുക്കു കഴിയുന്നില്ലല്ലോ...

ഈദുല്‍ ഫിത്വര്‍ ആശംസകള്‍..

മീര അനിരുദ്ധൻ said...

ആര്‍ത്തട്ടഹസിച്ച് കലിതുള്ളി വരുന്ന
ഒരോ പുരുഷനെയും പ്രകോപിപ്പിച്ചത്
ഒരു സ്ത്രീ ആയിരിക്കും ..


പ്രകോപനം വരുമ്പോളേക്ക് പുരുഷന്മാർ ആർത്തട്ടഹസിച്ചാലോ !!!കുറെയൊക്കെ ക്ഷമാശീലം പുരുഷന്മാർക്കും വേണ്ടേ ???

siva // ശിവ said...

ഈ ചിന്തകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.... ഇപ്പോള്‍ ഞാന്‍ താങ്കളെ ബഹുമാനിച്ചുപോകുന്നു....

prakashettan said...
This comment has been removed by the author.
ജെ പി വെട്ടിയാട്ടില്‍ said...

മാണിക്ക്യച്ചേച്ചീ

അമ്മമാരുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരുകയില്ല. എന്റെ ബ്ലോഗ് പോസ്റ്റുകളിലുടനീളം ഞാന്‍ ചേച്ചിയെന്ന് വിളിക്കൂന്ന എന്റെ അമ്മയെ കാണാം.

അമ്മമാര്‍ക്ക് എന്തുമാകാം. തള്ളക്കോഴി കുഞ്ഞുങ്ങളെ ചവുട്ടുന്നത് പോലെ.

ഞാന്‍ എന്റെ അമ്മയെ മരണശേഷം ധിക്കരിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും ഇല്ല. പക്ഷെ ഞാന്‍ അങ്ങിനെ ചെയ്തിരുന്നെങ്കിലും എന്റെ ചേച്ചി എന്നോട് പൊറുക്കുമെന്നെനിക്കറിയാം.

ഞാന്ന് ഇന്ന് “സ്മൃതി”എന്ന എന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റിലും കൂ‍ടി എന്റെ അമ്മയുണ്ടായിരുന്നു. അവിടെ ഞാന്‍ അമ്മയെ ശകാരിക്കുകയായിരുന്നു. അമ്മയുടെ മരണശേഷം.

എന്തായാലും വളരെ നല്ല പോസ്റ്റാണ് ഇത് ചേച്ചീ. പിന്നെ ചേച്ചിയും ഒരു അമ്മയാണല്ലോ?

++++++++++++++
{ഇതേ കമന്റ് ഐഡി തെറ്റി ആദ്യം അയച്ചത്, ഡിലീറ്റ് ചെയ്തു. ക്ഷമിക്കുമല്ലോ}

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://maanikyam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Senu Eapen Thomas, Poovathoor said...

ആഹാ..അത്രക്ക്‌ ജാഡ ഒന്നും വേണ്ട.

അച്ഛന്‍, ചേട്ടന്‍, അമ്മാവന്‍, വല്യച്ഛന്‍, പിന്നെ ഒരു പെണ്ണും ഇതു വരെ കൈ വെച്ചിട്ടിലാത്ത [ഫൂലന്‍ ദേവിയെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്‌] ഗുണ്ടയും ഈ സ്ഥാനങ്ങള്‍ അടക്കി വാഴുന്നതും ഞങ്ങള്‍ ആണുങ്ങള്‍ തന്നെയാണു.

ഇനി ലാലു അലക്സിനെ പോലെ പേഴ്സണലായിട്ട്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍, പ്ലീസ്‌, മെയില്‍ അയയ്ച്ചാല്‍ മതി.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ ജീവിതത്തിന്റെ ഊര്‍ജ്ജം എന്റെ അമ്മയാണ്.അമ്മയ്ക്ക് എന്നെ നല്ല കഥകള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ കത്ഥയും നന്നാകുമായിരുന്നില്ല. ഇപ്പോഴത്തെ അമ്മമാര്‍ പൊറുക്കണേ...

നല്ല ഓര്‍മ്മപ്പെടുത്തല്‍

Sandhya said...

അപ്പോള്‍ ഇതാണ് ആശയം അല്ലേ? മൊത്തമായും യോജിക്കാനാവുന്നില്ല, ഒരു വിശദമായ പോസ്റ്റ് എഴുതാനുള്ളത്രയും ആശയം- അനുകൂലിച്ചും പ്രതികൂലിച്ചും - ഉണ്ട്. അതുകോണ്ട് തല്‍ക്കാലം അധികമെഴുതാതെ പോകുന്നു.

ഒന്നൂടെ വന്നൊന്ന് കമന്റെണമെന്നുണ്ട്, അല്ലെങ്കില്‍ മെയിലിലാവാം അല്ലേ? ;)

- സന്ധ്യ :)

ഗീത് said...

ആ പറഞ്ഞതെല്ലാം ശരിതന്നെയാണ് ചേച്ചീ. വെണ്ണച്ചോറുരുട്ടി നാവില്‍ വച്ചു കൊടുക്കുന്ന നാള്‍ തൊട്ടു തുടങ്ങണം നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പാകത്തിലുള്ള കഥകള്‍ പറഞ്ഞുകൊടുക്കലും.

നല്ല ഉപദേശം തന്നെ. അമ്മമാരാകാന്‍ പോകുന്നവരും കുഞ്ഞുകുട്ടികളുടെ അമ്മമാരും ഇതു വായിക്കട്ടെ.

യൂസുഫ്പ said...

വിട്ടുവീഴ്ചയില്ലാതെ എന്ത് ജീവിതം . അമ്മയേം പഴിക്കേണ്ട മക്കളേം .ഇതൊക്കെ തന്നെയാണ്‌ ജീവിതം .എല്ലാം തികഞ്ഞൊരു ജീവിതം..!!ഏഹ്ഹെ....

ബിന്ദു കെ പി said...

കൂട്ടുകുടുംബത്തിൽ വളർന്ന എനിയ്ക്ക് അമ്മമ്മയും കൊച്ചമ്മമ്മയുമൊക്കെ പറഞ്ഞുതരുന്ന കഥകൾ കൊണ്ട് സമ്പന്നമായ ഒരു ബാല്യകാലമാണുണ്ടായിരുന്നത്. എത്രയെത്ര കഥകൾ! എത്ര കേട്ടാലും മതി വരാതെ ചിലതൊക്കെ വീണ്ടും വീണ്ടും പറയിപ്പിക്കും.
ദീപ്തമായ ഓർമ്മകളാണതൊക്കെ....

മനോവിഭ്രാന്തികള്‍ said...

സോറി, ആശയത്തോടു മുഴുവനായി യോജിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാനു സ്ത്രീ മാത്രം മാറേണ്ടതു ? ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന ഏതു സ്ത്രീക്കാണു കുട്ടികള്‍ക്കു കഥ പറഞ്ഞു കൊടുക്കാന്‍ കഴിയുക ?
ജോലിസ്ഥലത്തെ ടെന്‍ഷന്‍ മാറ്റാനയി രണ്ടെണ്ണം വീശണം എന്നു പറയുന്ന പുരുഷന്‍ , സ്ത്രീക്കും ജോലിസ്ഥലത്തെ അതേ ടെന്‍ഷന്‍ മാറ്റാനായി രണ്ടെണ്ണം വീശാമോ എന്നു പറയുന്നില്ല.
പുരുഷനെ പ്രകോപിപ്പിക്കാന്‍ കയ്യിലിരുപ്പു നല്ലോണം ഉള്ളവരാണു സ്ത്രീകള്‍ -- അതിനോടു പൂര്‍ണ്ണമായി യോജിക്കുന്നു.
പൈസ, സ്വര്‍ണ്ണം, സ്വത്തു, പട്ടുസാരി --- എന്നീ കാര്യങ്ങളില്‍ "എന്റെ,എന്റെ " എന്ന സ്വാര്‍ത്ഥ വിചാരം അധികം സ്ത്രീകള്ക്കാണു. ഇതും സ്ത്രീകള്‍ മാറ്റേണ്ടതല്ലെ -- ഒന്നു പുരുഷനെപ്പോലെ വിശാലഹ്രുദയനായി ജീവിക്കട്ടെ - കുട്ടികള്‍ അതും കണ്ടു വളരട്ടെ....

ഷിനില്‍ നെടുങ്ങാട് said...

ആശയം അതിന്റെ തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട്...കവിയുടെ ആശയം കവിയുടെ മാത്രമായതുകൊണ്ട് വിയോജനക്കുറിപ്പുകള്‍ക്ക് സ്ഥാനമില്ല.

അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക:-

അസ്ത്രമ്പോലെ =അസ്ത്രംപോലെ
കരുതുന്ന ഭാര്യാ=കരുതുന്ന ഭാര്യ

വികാരക്ഷോഭത്തില്‍ കവിത എന്ന തലത്തില്‍ നിന്നും ഒരു മുദ്രാവാക്യം വിളീയുടെ നിലവാരത്തിലേക്ക് പലപ്പോഴും തെന്നി വീണത് ഒഴിവാക്കാമായിരുന്നു.

കഥ പറയാന്‍ സാവകാശമെവിടെ ?
വാരിപുണരാന്‍ എവിടെ നേരം ?
ഇതൊക്കെ ഒന്നുകൂടി കാവ്യാത്മകമായി അവതരിപ്പിക്കാമായിരുന്നു

രഘുനാഥന്‍ said...

കാലോചിതമായ ചിന്തകള്‍ ...നല്ല പോസ്റ്റ്‌ ആശംസകള്‍

ശ്രീ said...

ശരിയാണ്. ഇന്ന് അവര്‍ക്കെല്ലാം എവിടെ സമയം?

ഈ ചിന്തകള്‍ നന്നായി, ചേച്ചീ

chithrakaran:ചിത്രകാരന്‍ said...

ഹഹഹ...കൊള്ളാം കൊള്ളാം!!!
മാണിക്യം ഇപ്പോള്‍ സ്ത്രീത്വത്തിന്റെ മഹനീയമായ ഉയരത്തില്‍ എത്തിയിരിക്കുന്നു.ആ അനുഭവം പങ്കു വച്ചിരിക്കുന്നു.
ആശംസകള്‍:)

ഇത്ര മഹനീയമായി തിരിച്ചറിവു നേടുന്ന ഇടങ്ങളില്‍
പുരുഷന്‍ വാലാട്ടികളാകില്ല, കരുത്തുള്ള ആണുങ്ങള്‍ തന്നെയായിരിക്കും. സ്ത്രീ ആരാധ്യയായിരിക്കും.കുടുംബം സാംസ്കാരികതയുടെയും,
ശുഭാപ്തചിന്തയുടേയും കളിത്തൊട്ടിലായിരിക്കും.
സ്ത്രീയെ സ്ത്രീയായും,പുരുഷനെ പൌരുഷത്തോടും അവിടെ വളര്‍ത്തപ്പെടും.കുടുംബത്തില്‍ നിന്നും സ്നേഹം സമൂഹത്തിലേക്ക് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കും.(പെണ്‍കോന്തന്മാരും ഫെമിനിസ്റ്റുകളും അവിടെ കഴിവില്ലാത്തവരും,വിലക്ഷണബുദ്ധികളുമെന്ന് പരിഹസിക്കപ്പെടും!!!)

സ്ത്രീക്ക് ലഭിക്കേണ്ട സുരക്ഷിതത്വ ബോധം പുരുഷനു നല്‍കാനാകാതെ വരുംബോഴാണ് നമ്മുടെ ഫെമിനിസ്റ്റുകള്‍ ജനിക്കുന്നത് എന്നൊരു സത്യവുമുണ്ട്.
ഫെമിനിസ്റ്റുകള്‍ ഭയരോഗികളാണ്.പുരുഷന്റെ അസാന്നിദ്ധ്യത്താല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗമാണിത്.
സമൂഹത്തോട് പുരുഷന്റെ കര്‍ത്തവ്യം അനുഷ്റ്റിക്കാന്‍ പുരുഷന്‍ ശക്തനാകുകയാണു വേണ്ടത്.അവന്റെ ക്രൌര്യതയിലുള്ള സുരക്ഷിതത്വം നല്‍കുന്ന സമാധാനത്തില്‍ നിന്നുമാണ് സ്ത്രീ സ്നേഹവൃക്ഷമായി അമ്മയായും,സഹോദരിയായും,ഭാര്യയായും,മകളായും പൂത്തുലയുന്നത്.എന്നാല്‍, ഇന്ന് പുരുഷന്‍ സ്ത്രൈണത മാത്രമാണ് മാന്യത എന്ന വിഢിവിശ്വാസത്തിനടിപ്പെട്ട് പൌരുഷം വെടിഞ്ഞ്
കൂടുതല്‍ മൃദുലനായി,വെറും ആണ്‍ രൂപമായി അധപ്പതിച്ചിരിക്കുന്നു. വല്ലപ്പോഴുമൊന്ന് ആണാകാന്‍ അവനു മദ്യം കഴിക്കേണ്ടിവരുന്നു .! (മലയാളി കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതിന്റെ രഹസ്യം)മയക്കുമരുന്നോ, സ്ത്രീ പീഢനമോ നടത്തി നഷ്ടപ്പെട്ട ആണത്തത്തിന്റെ സ്മരണ പുതുക്കേണ്ടിവരുന്നു.ഒരു കുറ്റവാളി സമൂഹത്തിന്റെ വളര്‍ച്ച ഇങ്ങനെയൊക്കെയാണ്.സാമൂഹ്യ ജീര്‍ണ്ണതയുടെ രാസഘടന !

ബ്ലോഗില്‍ പ്രബലരായ ആദര്‍ശവാദികളായ പെണ്‍കോന്തന്മാരേയും ഫെമിനസവും വിഷാദരോഗവും കൊണ്ട് പൊറുതിമുട്ടിയ സ്ത്രീസിംഹങ്ങളേയും ഭയക്കാതെ
സ്ത്രീ സ്നേഹശക്തിയുടെ കരുത്ത് ഉദ്ഘോഷിക്കുന്ന ഈ പോസ്റ്റിടാന്‍ “ആണത്തം” കാണിച്ച മാണിക്യത്തെ
ചിത്രകാരന്‍ അഭിനന്ദിക്കുന്നു:)

പാവത്താൻ said...

ഹോ സമാധാനമായി.. എല്ലാം അമ്മുമ്മയുടെ, അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ കുഴപ്പമാണല്ലേ.ഇതൊന്നും എന്റെ കുഴല്‍പ്പമല്ലെന്നു ഞാനെത്ര കാലമായി പറയുന്നു. ഇവരൊന്നും സമ്മതിക്കുന്നില്ലെന്നേ. :-)

കണ്ണനുണ്ണി said...

പലപ്പോഴും പഴിക്കുക അല്ല...
ഈ തെറ്റിനുള്ള ശിക്ഷയാണ് പലപ്പോഴും പല അമ്മമാരും ജീവിത സായാഹ്നം വൃഥാ സദനത്തില്‍ കഴിയേണ്ടി വരുന്നത്...അല്ലെ?

ചിന്തകന്‍ said...

കഥ പറയാന്‍ സാവകാശമെവിടെ ?
വാരിപുണരാന്‍ എവിടെ നേരം ?
അഛനമ്മമാര്‍ക്കഭിപ്രായഭിന്നത..
ഈഗോയെന്ന ഇറക്കുമതി..
ഇതു കണ്ട് വളരുന്ന മക്കള്‍ ...


പണത്തിനും ജീവിത സുഖത്തിനും പിന്നാലെ പായുമ്പോള്‍ പിന്നെ ബാക്കി സമയമെവിടെ.

കുടുംബം ഒരു കൂട്ടുത്തരവാദിത്വമാണ്. അതില്‍ സ്ത്രീയെ പോലെ പങ്ക് പുരുഷനുമുണ്ടാവണം. ഈഗോ ഒഴിവാക്കി ചില വിട്ടുവീഴ്ചകള്‍ക്ക് ഇരുവരും തയ്യാറാകുമ്പോഴെ കുടുംബം എന്നത് “കൂടുമ്പോള്‍ ഇമ്പമുള്ളതാ“യി മാറുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുമ്പോള്‍ ഭൂകമ്പമുള്ളതായി മാറും :)

മാണിക്യം. ചിന്തനീയമായ കവിത.. നന്നായിരിക്കുന്നു.

കതിരോൻ said...

അങ്ങാടീൽ തോറ്റതിന് അമ്മേടെ നെഞ്ചത്ത്!

പടിഞ്ഞാറ് നോക്കി സഞ്ചരിക്കുന്നവൻ പടിഞ്ഞാറെത്തുമ്പോൾ
ഉദിച്ച ദിക്കിന്റെ ഉയരം നോക്കി ഹൃദയം മുറിഞ്ഞ് വിലപിക്കും
അവന്റെ നിണം വാർന്ന് ചുവന്ന മേഘങ്ങൾ ഇരുട്ടിലേക്ക് നീങ്ങിപ്പോകും
അപ്പോൾ ഊർദ്ധ്വൻ വലിക്കും മുൻപ് അമ്മയെ പഴിക്കുക
വീണ്ടും ജനിച്ച് അതു തന്നെ ചെയ്യുക.

ഹോ ഔട്ട്സ്റ്റാഡിങ് അച്ചീവ്മെന്റ്! ജീവിതത്തിൽ ആദ്യമായ് നാലുവരിക്കവിതയെഴുതിയത് അങ്ങോട്ട് പിടിച്ചാട്ടെ. ദക്ഷിണയായി.

the man to walk with said...

ishtaayi..shariyaanu..valare shariyaanu..

പൊറാടത്ത് said...

അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന സ്ത്രീക്കാണ്.


ആരും ഇതുവരെ തല്ലാൻ വരാഞ്ഞതെന്ത്..!!! :)

ജിജാ സുബ്രഹ്മണ്യൻ said...

അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന സ്ത്രീക്കാണ്.

ഇതിനെ ഞാൻ ശക്തമായി എതിർക്കുന്നു.കുടുംബം നന്നായി പോകണമെങ്കിൽ സ്ത്രീയ്ക്കൊപ്പം തന്നെ പുരുഷനും കൂടെ ക്ഷമാശീലനും സ്നേഹസമ്പന്നനുമാകണം.കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ പറഞ്ഞു കൊടുക്കേണ്ടത് അമ്മമാർ മാത്രമല്ല.എന്നും കള്ളു കുടിച്ച് കൂത്താടി വരുന്ന ഒരു അച്ഛനുള്ള വീട്ടിൽ അമ്മമാർ എത്ര ശാന്തശീലരും സ്നേഹസമ്പന്നരും ആയിട്ടെന്തു കാര്യം ??അമ്മമാരും അച്ഛന്മാരും നന്മയുള്ളവർ ആവുന്നിടത്തേ ജീവിത വിജയം ഉള്ളൂ..

അനിൽ@ബ്ലൊഗ് said...

അടുത്തിടെ ഒരു രാജീവ് ചേലനാട്ടിന്റെ പോസ്റ്റില്‍ ഒരു ചര്‍ച്ച വന്നിരുന്നു.
ആ ബഹളം ഒന്നും ഇവിടെ കാണുന്നില്ല.
കവിതയായോണ്ടായിരിക്കും.
:)

thabarak rahman said...

പ്രിയ മാണിക്കം,
കവിത നന്നായിരിക്കുന്നു. ഭാഷയ്ക്ക് ഒരു പുതുമയുണ്ട്. തീവ്രതയുമുണ്ട്.
എല്ലാ ഭാവുകങ്ങളും നേരുന്നു. ആദ്യത്തെ നഗ്ന സ്ത്രീ, എന്ന എന്റെ കഥ
വായിച്ചതിനും കമന്റ്സ് അറിയിച്ചതിനും, മെയില്‍ അയച്ചതിനും,
ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നല്ലത് വരട്ടെ. സുഖം തന്നന്നു വിശ്വസിക്കുന്നു.

എന്ന്.
പ്രിയസുഹൃത്ത്‌
തബരാക് റഹ്മാന്‍
http://thabarakrahman.blogspot.com

ഓട്ടകാലണ said...

പ്രിയ മാണിക്യം,
കവിത എന്ന പേരില്‍ ഈ പരിഭവങ്ങള്‍ ,കുറ്റം പറച്ചില്‍ വേണ്ടാരുന്നു. വേറിട്ടൊരു ചിന്തയാണ് ഉദ്ദേശിച്ചതെങ്കില്‍ അറു ബോറാണിതെന്ന് പറയുന്ന എന്നോട് വിദ്വേഷം ഉണ്ടാകില്ലല്ലോ?

അല്ലെങ്കിലും സ്ത്രൈണതയ്ക്ക് സ്ത്രീയെ തീരെ പിടിക്കില്ലല്ലോ? അത് ഇവിടെ ഉള്ള് തുറന്ന് വ്യക്തമാക്കി എന്നല്ലാതെ എനിക്ക് ഈ വാചകങ്ങളില്‍ നിന്ന് മറ്റൊന്നും ഉള്‍ക്കൊള്ളാനാവുന്നില്ല.

കവിതയെന്ന ലേബല്‍ നല്‍കിയതിന് ഓട്ടകാലണയുടെ അത്യപ്തി ഇവിടെ വ്യക്തമാക്കാനാഗ്രഹിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നൂറു ശതമാനം യോജിക്കാൻ പറ്റുന്നില്ല.ഒന്നു,രണ്ട് കാര്യങ്ങൾ

അച്ഛനമ്മമാരോട് പെൺകുട്ടികൾക്കുള്ള സ്നേഹം ജീവിതകാലം മുഴുവനം ഒരു പോലെ ആയിരിക്കും.എന്നാൽ ആണുകുട്ടികൾക്ക് സ്വന്തം മാതാപിതാക്കളോടുള്ള സ്നേഹത്തിൽ വിവാഹ പൂർവം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതായി കാണുന്നു.ഭാര്യയേയും സ്വന്തം കുടുംബത്തേയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ പലപ്പോളും പരാജയം സംഭവിക്കുന്നു.അതിലൊരു കാരണം വിവാഹശേഷം വീട്ടിലെത്തുന്ന പെൺകുട്ടിയുടെ സ്വഭാവവുമാണു.

അതു പറയുമ്പോൾ തന്നെ മാറേണ്ടത് സ്ത്രീ മാത്രമെന്ന ചിന്തയോടു യോജിക്കാൻ കഴിയുന്നില്ല.

മുകളിലത്തെ കമന്റിൽ അനിൽ@ബ്ലോഗ് സൂചിപ്പിച്ച “രാജീവിന്റെ” പോസ്റ്റിൽ ഞാൻ ഒരു കമന്റിട്ടിരുന്നു.അതിന്റെ ഏതാനും ഭാഗം കോപ്പി ചെയ്യുന്നു താഴെ.

പുരുഷന്റെ സുഖങ്ങൾക്കു വേണ്ടി മാത്രമാണു സ്ത്രീ ഉണ്ടായിരിക്കുന്നത് എന്നൊരു ചിന്തയിൽ നിന്നാണു ഇതൊക്കെ ഉയർന്നു വരുന്നത്.പ്രത്യേകിച്ചും ലൈംഗികതയുടെ കാര്യത്തിൽ ഇപ്പോളും പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ തന്നെയാണു ജീവിയ്ക്കുന്നത്.പകൽ സമയം ഓഫീസ് ജൊലി ചെയ്തു വരുന്ന പുരുഷനെക്കാൾ തളർന്നവളായിരിക്കും പകലന്തിയോളം യാതൊരു കൂലിയുമില്ലാപ്പണി ചെയ്തിരിക്കുന്ന ഭാര്യ.രാത്രി അവളൊരു ലൈംഗിക ബന്ധത്തിനു തയ്യാറാണോ എന്നു പോലും ആരും അന്വേഷിക്കുന്നില്ല.പകരം മദ്യപിച്ചും ഉല്ലസിച്ചും വരുന്ന ഭർത്താവിന്റെ കാമനകൾക്ക് മുന്നിൽ കാലകത്തി കിടക്കേണ്ടി വരുന്നു.കേരളത്തിലെ സ്ത്രീകളിൽ 60% ത്തിൽ കൂടുതൽ ഇതു വരെ രതി മൂർച്ഛ അറിഞ്ഞിട്ടില്ലെന്നു ഒരു സർവെയിൽ വായിച്ചത് ഓർക്കുന്നു.

കാലത്തിന്റെ തുടിപ്പുകൾ അറിയാ‍തെ പറയുന്നതിൽ അർത്ഥമില്ല.ഇന്നു സ്ത്രീ കൂടുതൽ സ്വതന്ത്രയാണു.അവൾ കൂടുതൽ കൂടുതൽ സ്വതന്ത്രയാവും.ഇപ്പോൾ വന്നിരിക്കുന്ന “സ്വവർഗ രതി”ക്കുള്ള അംഗീകാരം പോലും പുരുഷനേക്കാളേറെ സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറുകായാണുണ്ടാവുക.


എഴുതാനാണെങ്കിൽ കുറെ ഉണ്ട്..കുളമാക്കുന്നില്ല

നന്ദി ആശംസകൾ മാണിക്യം!

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ അധികപ്രസംഗങ്ങള്‍ മാണിക്യത്തെ വിഷമിപ്പിച്ചില്ലെന്നറിഞ്ഞതില്‍ സന്തോഷം.
സ്വന്തം അച്ചനമ്മമാരുടെ ഹൃദയ ബന്ധത്തിന്റെ ശക്തി കണ്ടു വളര്‍ന്നതിനാല്‍
ആ ശക്തി സമൂഹത്തിലും സന്തോഷം വിതക്കുന്ന ബന്ധങ്ങള്‍ വളര്‍ത്തട്ടെ എന്ന സദുദ്ധേശത്തോടെ
എഴുതിയതാണ്. അമ്മയിലൂടെയാണ് ചിത്രകാരന്‍ അച്ഛ്നെ അറിഞ്ഞത്. അച്ഛന്റെ ആരോഗ്യത്തിനും,ശക്തിക്കും,ജോലിക്കും വേണ്ടിയാണ് അമ്മ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്.
ചിത്രകാരന്‍ മനമുരുകി പ്രാര്‍ത്ഥിച്ചതും അച്ഛന്റെ ശക്തിക്കു മാത്രം. അച്ഛന്‍ ശക്തനായാല്‍ അമ്മയും മക്കളും ഭാഗ്യവാന്മാരെന്ന തിരിച്ചറിവ് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നു. അച്ഛന്‍ ഒരു ക്ഷേത്രമാണെന്നും അമ്മ അതിലെ ദൈവീക ചൈതന്യമാണെന്നും ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു. (ബിംബങ്ങള്‍ സവര്‍ണ്ണമാണെന്നതിനാല്‍ ക്ഷമിക്കുക. സവര്‍ണ്ണ സാംസ്ക്കാരികതയില്‍ അതാണല്ലോ വേഗത്തില്‍ മനസ്സിലാക്കാനാകുക.)
സ്വന്തം ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്നേഹിക്കാനാകാത്ത ഭാര്യക്ക് തന്റെ മക്കള്‍ക്ക്
നല്ലൊരു അച്ഛനെ ചൂണ്ടിക്കാണിക്കാനാകില്ല.പലപ്പോഴും അയല്‍പ്പക്കത്തെ അച്ഛനോ,സിനിമാതാരങ്ങളോ,കള്ളുകുടിച്ചു വരുംബോള്‍ വീട്ടിലേക്ക് ചിക്കണ്‍ പൊരിച്ചതു വാങ്ങിക്കൊണ്ടുവരുന്ന സ്വന്തം ധനികനായ അച്ഛനോ,കളിതമാശകള്‍ കൊണ്ട് അമ്മാനമാടുന്ന ചാറ്റിലെ കഥാകൃത്തോ, കവിയോ...എല്ലാമായിരിക്കും ഇന്നത്തെ അമ്മമാരുടെ ആരാധനാപാത്രങ്ങള്‍.
ഭര്‍ത്താവ് വഴിപോക്കനായ ഒരു പാര്‍ട്ട്ണര്‍ മാത്രം.
ഇന്ന് നമ്മുടെ സ്നേഹശൂന്യമായ സമൂഹം അനുഭവിക്കുന്ന തന്തയില്ലായ്മയുടെ പ്രധാന കാരണം !!!
സസ്നേഹം.

Baby said...

എനിക്ക് ഈ ആശയത്തോട് പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നില്ല ……..എങ്കിലും വെറുതെ ഉള്ള ഒരു ’ എഴുത്തിനേക്കാളും ’ എന്തെങ്കിലും ചര്‍ച്ച ചെയ്യാന് അതില്‍ ഉണ്ടാകുന്നത് നല്ലതാണ് ……….സ്ത്രീ ഇന്ന് പണ്ട്ടത്തെക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് അത് പുരുഷന് അപകടം ആണെന്നുള്ള സൂചന ഒരിക്കലും ശരിയല്ല ……..തന്റെ ആജ്ഞാ ശക്തിക്ക് വഴങ്ങി കിട്ടുക എന്നതാണ് എല്ലാ മനുഷ്യര്‍ക്കും താല്‍പ്പര്യം . അത് പണ്ട്ട് മുതലേ പുരുഷന്മാര്‍ അനുഭവിച്ചു പോരുന്ന ഒരു ഘടകം ആണ് . അതില്‍ ചില മാറ്റങ്ങള്‍ ഉണ്ടായതിനു സ്ത്രീയെ പഴിക്കുക അല്ല വേണ്ടത് അഭിനന്ദിക്കുക കൂടി ആണ് വേണ്ടത് ………………….പിന്നെ പണ്ട് കാലം തൊട്ടേ അടിയാളന്റെ മേല്‍ മേലാളന്മാര്‍ അല്ലെങ്കില്‍ തന്റെ വളര്‍ച്ചക്ക്‌ എതിര് നില്‍ക്കുന്നവരെ വെട്ടി വീഴ്ത്താനുള്ള പ്രവണത എല്ലാ കാലത്തും നില നിന്നു പോന്നിരുന്നു ……..ഇന്ന് മീഡിയകള്‍ അവ പൊടിപ്പും തൊങ്ങലും വച്ചു പരസ്യപ്പെടുത്തുന്നു എന്ന് മാത്രം

നീര്‍വിളാകന്‍ said...

അയക്നലളിതമായ വാക്കുകള്‍ കൊണ്ട് ഒരു പാലാഴി ശ്രിഷ്ടിച്ചല്ലോ ചേച്ചീ.... കവിതൈയിലെ ഉള്ളടക്കത്തോട് യോജിപ്പും വിയോജിപ്പും സമം.... കാരണം ഇന്നത്തെ അധഃപ്പതനത്തിന് കാരണം സ്ത്രീയോ പുരുഷനോ അല്ല.... സമൂഹം ഒന്നടങ്കമാണ്... സ്ത്രീ അതിലെ ഒരു കണ്ണി മാത്രം!

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു ചേച്ചി:)

സന്തോഷ്‌ പല്ലശ്ശന said...

കരുണയും ദയയും മുല്യബോധവും ഊട്ടിയുറപ്പിക്കുന്നത്‌ അമ്മയുടെ മാത്രം ചുമതലയല്ല. തറുതല പറയുന്ന മക്കള്‍ ഉണ്ടാകുന്നത്‌ അമ്മയുടെ മാത്രം കുറ്റം കൊണ്ടല്ല.... വളരെ ചര്‍ച്ച വേണ്ട ഒരു വിഷയവുമായാണ്‌ മാണിക്യം ചേച്ചി ഇത്തവണ വന്നിരിക്കുന്നത്‌... ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആഗ്രഹമൂണ്ട്‌ പക്ഷെ എന്തു ചെയ്യാം സമയക്കുറവുകൊണ്ടുമാത്രം ഞാന്‍ ഇപ്പോള്‍ രംഗം വിടുന്നു.... സമയം കിട്ടുമ്പോള്‍ വീണ്ടും വരാം..അപ്പോഴേക്കും ചര്‍ച്ച ചൂടുപിടിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

chithrakaran:ചിത്രകാരന്‍ said...

കുറെ ഷണ്ഡന്മാര്‍ ഇറങ്ങിയിട്ടുണ്ടല്ലോ കര്‍ത്താവേ...!!!
സ്ത്രൈണതയുടെ കീഴിലെ അടിമത്വത്തില്‍
അഭിമാനിക്കുന്ന മന്ദബുദ്ധികള്‍ക്കായി ഒരിക്കല്‍ക്കൂടി
ചിത്രകാരന്‍ പറയുന്നു...

പുരുഷന്റെ തരള ഹൃദയം അടിമബോധത്തിന്റെ
ഇരുട്ടു വ്യാപിച്ചുകിടക്കുന്ന ഭീരുത്വത്തിന്റെ മാളങ്ങളാണ്.
ഷര്‍ട്ടും,കാലിസ്രായിയും,മീശയും,കിടുങ്ങാമണിയും,ആണ്‍ശബ്ദവും പുരുഷന്റെ ബാഹ്യരൂപമേ ആകുന്നുള്ളു.

അമ്മമാരെ മാത്രമല്ല, ആണെന്നു പറഞ്ഞു
നടക്കുന്ന ഈ ഷണ്ഡന്മാരുടെ പടയേയും പഴിക്കുകതന്നെ വേണം.:)

നരിക്കുന്നൻ said...

സ്ത്രീയും പുരുഷനും അല്ല, ആ രൂപങ്ങളിൽ കുടികൊള്ളുന്ന സ്വഭാവങ്ങളാണ് മാറേണ്ടത്.

അമ്മ. ഞാൻ എന്നും മനസ്സിൽ താലോലിക്കുന്ന് രണ്ടക്ഷരം.

Sureshkumar Punjhayil said...

അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന സ്ത്രീക്കാണ്.
Ennal thudangam chechy...!

Manoharam, ashamsakal...!!!

Prasanth Krishna said...

ഭൂമീദേവിയോളം ക്ഷമയുള്ള അമ്മ,
ഭര്‍ത്താവിനെ ദൈവമെന്നു കരുതിയ ഭാര്യ,
സ്നേഹവും സേവനവും
ശ്വാസോഛ്വാസമാക്കിയ ഗൃഹനാഥ,
അങ്ങനെയുള്ള ഭാവശുദ്ധിയുള്ള സ്ത്രീ-
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ...

ദൈവ്വമേ ഇത് എന്റെ അമ്മതന്നയാണ്. ഒരിക്കലും പഴിക്കാന്‍ പഴുതില്ലാത്ത എന്റെ അമ്മ.