Monday, November 2, 2009

മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........



മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി
നിരത്തി എഴുതിയതൊക്കെ മായിച്ചു

പിന്നെ സ്ലേറ്റിലെഴുതിയത്
വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി

കടലാസില്‍ പെന്‍‍സിലുകൊണ്ടെഴുതിയത്
റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു.

പിന്നെ മഷിയും പേനയും ആയപ്പോള്‍
വൈറ്റ് ഇങ്ക് കൊണ്ട് മായിച്ചു

കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്തത്
ബാക്ക് സ്പെയിസ് അടിച്ചു ഞാന്‍ മായിച്ചു

എന്റെ മനസ്സില്‍ കുറിച്ചിട്ടതും വരച്ചിട്ടതും
എങ്ങനെ ഞാന്‍ മായിക്കും?

43 comments:

ഹരീഷ് തൊടുപുഴ said...

എന്റെ മനസ്സില്‍ കുറിച്ചിട്ടതും വരച്ചിട്ടതും
എങ്ങനെ ഞാന്‍ മായിക്കും?


എത്ര മായ്ചാലും മാഞ്ഞുപോകില്ലല്ലോ അത്..!!

M.K.KHAREEM said...

പുതുകാലം പഴമയെ മായിക്കുന്നു.
പുതുകാലം വികസനം ആഘോഷിക്കുന്നത്‌
പഴമയെ വെട്ടി നിരത്തികൊണ്ട്...
വ്യസനിക്കേണ്ട,
ഉടലിന്റെ ആഘോഷത്തില്‍ മുഴുകുമ്പോള്‍
ഹൃദയം പോലും മാഞ്ഞുപോകും...

Anil cheleri kumaran said...

കാലത്തിന്റെ ചുവരെഴുത്ത് മായ്ക്കാന്‍ കഴിഞ്ഞെങ്കില്‍....!
കവിത മനോഹരം..

Gopakumar V S (ഗോപന്‍ ) said...

മനസ്സില്‍ കുറിച്ചിട്ടതും വരച്ചിട്ടതും
എങ്ങനെ ഞാന്‍ മായിക്കും....

സുഖമുള്ള ഓര്‍മ്മകള്‍ മായ്ക്കണ്ട, അല്ലാത്തത് മായ്ക്കനല്ലേ മറവി ചിലനേരത്ത് അനുഗ്രഹമാകുന്നത്..

സുഖമുള്ള വരികള്‍...

അരുണ്‍ കരിമുട്ടം said...

എഴുതപ്പെട്ടതും വരഞ്ഞ് വച്ചതും പിന്നേം മായ്ക്കാം
മുറിവേറ്റതോ??

കാവാലം ജയകൃഷ്ണന്‍ said...

ഓര്‍മ്മകള്‍
ഓര്‍ മകള്‍
ഓരോ ഓര്‍മ്മയും ഓരോ മകള്‍...
മറക്കരുത് അവരെ...

മറക്കുവാന്‍ പറയാനെന്തെളുപ്പം - മണ്ണില്‍
പിറക്കാതിരിക്കലാണതിലെളുപ്പം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാമുക്കോയ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു " എനിക്കു വിഷമം വരുമ്പോള്‍ ഞാന്‍ പോയി വെള്ളമടിക്കും"

സാരമില്ല കാലം എന്നൊരു സാധനമുണ്ട്‌

the man to walk with said...

chilathu kaalam maaykkum...chilathu maayaathirikkum..
ishtaayi

വല്യമ്മായി said...

മനസ്സില്‍ എഴുതുന്നത് നമ്മള്‍ അല്ലാത്തത് കൊണ്ടാണ് മായ്ക്കാനും കഴിയാത്തത്,ഓര്‍മ്മായും മറവിയും നമ്മുടെ വരുതിയില്‍ അല്ലാത്തതും :)

ജന്മസുകൃതം said...

മായിക്കേണ്ട. അവിടെ കിടക്കട്ടെ.നോവുമോരോര്‍മ്മയായി

ബിന്ദു കെ പി said...

അതെ, മനസ്സിലെഴുതിയത് മായാതെ കിടക്കുന്നതാണ് സുഖം...

അനില്‍@ബ്ലോഗ് // anil said...

മനസ്സിലുള്ളത് മാഞ്ഞില്ലേലും അടിത്തട്ടിലേക്ക് പൊക്കോളും, ഒന്നു ഫോര്‍മാറ്റ് ചെയ്താല്‍ മതി. ഡിലീറ്റഡ് ഫയത്സ് തപ്പിയെടുക്കാന്‍ നിക്കാഞ്ഞാല്‍ മതി ചേച്ചീ.

pandavas... said...

മറവി എന്നൊരു മരുന്നുണ്ടെന്ന് കേട്ടു..

ഒന്ന് നോക്കൂ...

ആത്മ/പിയ said...

മായ്ച്ചിട്ട് ഇപ്പം എന്തുചെയ്യാൻ?!
മനസ്സ് അതിവിശാലമല്ലെ, അവിടെ പുതിയതെഴുതാൻ പഴയത് മായ്ക്കണമെന്നൊന്നുമില്ല!
ആകാശത്തിനൊപ്പം കടലിനൊപ്പം...
മനസ്സിന്റെ ആഴവും വ്യാപ്തിയും ഒന്നും ആരും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല..:)
[കുറെ നേരമായി കമന്റെഴുതാൻ നോക്കുന്നു.എഴുതാൻ വന്നതൊക്കെ പലരും എഴുതിക്കഴിഞ്ഞഇരിക്കുന്നു.അവസാനം പറ്റി!]
എഴുതാൻ വന്നത്,'വിഷമിക്കണ്ട, കാലം പതിയെ മായ്ച്ചുകൊള്ളും' എന്നായിരുന്നു ട്ടൊ,

Thus Testing said...

എന്റെ മനസ്സില്‍ കുറിച്ചിട്ടതും വരച്ചിട്ടതും
എങ്ങനെ ഞാന്‍ മായിക്കും?

ടീച്ചര്‍ കൊള്ളാം...

മാണിക്യം said...

ഹരിഷ് ആദ്യാഭിപ്രയത്തിനു നന്ദി..
മായില്ല മറയില്ല എന്ന് തന്നെയാ തോന്നുന്നത്

ഖരീം മഷ് നന്ദി :)

കുമാരാ വായിച്ചതിനും അഭിപ്രായതിനും നന്ദി.

ഗോപന്‍ അതാണ് മികപ്പോഴും എല്ലാവര്‍ക്കും ഇഷ്ടം സുഖമുള്ള ഓര്‍മ്മകള്‍ സൂക്ഷിക്കുക അല്ലത്തത് വിട്ടു കളയുക.

അരുണ്‍ വാക്കുകള്‍ക്ക് നന്ദി അതെ മുറിവുണങ്ങിയാലും ബാക്കിയാവുന്ന വടുക്കള്‍!

ജയകൃഷ്ണന്‍ ഓര്‍മ്മകള്‍ ഒരോമകളാവുമ്പോള്‍ ...

പണിക്കര്‍ സര്‍‌ മാമുക്കോയക്കും മറ്റു പലര്‍ക്കും ആ ഓപ്ഷന്‍ ഉണ്ട്

the man to walk with
സന്തോഷമുള്ളിടത്ത് മാത്രം സൗഹൃതങ്ങളും ബന്ധങ്ങളും എല്ലാം.അവിടെ കൂടെ നില്‍ക്കുക അല്ലത്തിടത്ത് നിന്ന് ഓടി അകലുക...

വല്യമ്മായി പറഞ്ഞതാണ് ശരി

ലീലാമ്മേ ആങ്ങനെ ഇട്ടിട്ട് ...എന്നാലും കിടക്കട്ടെ അല്ലേ?

ബിന്ദൂ എത്ര ആഴമുള്ള വെള്ളത്തിലും ഓളങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ നോക്കിയാല്‍ ഒക്കെ തെളിഞ്ഞു കാണാം .. മായാതെ അതു പോലെ .

അനില്‍ വളരെ പ്രായോഗികമായ നിര്‍ദേശം ... :) ഡിലീറ്റ് ബട്ടണ്‍ കാണുന്നില്ല.

പാണ്ഡവാസ് കിട്ടുമെങ്കില്‍ ഒരുരകുപ്പി വാങ്ങി വച്ചക്ക് ഞാന്‍ വരുമ്പോള്‍ എടുത്തോളാം

അരുണ്‍ നന്ദി

ആത്മ നന്ദി ഒരു പക്ഷെ ഇന്നലെ ഞാന്‍ എന്റെ മനസ്സില്‍ തോന്നയതിത്രയും എഴുതാതെ പോയെങ്കില്‍ ഇന്ന് ഇത്രയും പേരുടെ മനസ്സില്‍ നിന്നുള്ള ആശ്വാസവാക്കുകള്‍ കിട്ടുകില്ലായിരുന്നു...

ഒരു വിരല്‍തുമ്പിനപ്പുറം നിന്ന് എനിക്ക് കിട്ടിയ ഈ സാന്ത്വന വാക്കുകള്‍ക്ക് എങ്ങനെ മറുപടി പറയും?
ദൈവം പലരൂപത്തില്‍ വന്ന് ആശ്വസിപ്പിക്കും
ഇവിടെ ഇപ്പോള്‍ വാക്കുകളായി വന്നെത്തി.......

രഘുനാഥന്‍ said...

മനസ്സില്‍ കുറിച്ചിട്ടത്‌ മായാതെ തെന്നെ കിടക്കട്ടെ...എന്തിനാ മായിക്കുന്നത്... ?

നല്ല വരികള്‍

ആശംസകള്‍

നീര്‍വിളാകന്‍ said...

എന്റെ ചേച്ചീ ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിക്കല്ലെ.... നല്ല ചിന്തകള്‍... ഒരിക്കലും ഒരുവനും കഴിയാത്ത ഒന്നാണത്... പക്ഷെ പലരും ഭാവിക്കുന്നുട്...

Kuzhur Wilson said...

ഇതാണു ചോദ്യം ഞാന്‍ തോറ്റു ടീച്ചറമ്മേ

Kuzhur Wilson said...

കവിത ഇഷ്ടമായി / വേദനിച്ചു എന്നതിന്‍ ഇഷ്ടമായി എന്ന് ഒരു അര്ത്ഥമുണ്ടോ ?

Sureshkumar Punjhayil said...

Orikkalum mayathirikkatte chechy...!

Manoharam, Ashamsakal...!!!

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

ഒരു സൂപ്പര്‍‌കമ്പ്യൂട്ടറിനെക്കാള്‍ വലിയ മെമ്മറിയുള്ളതല്ലെ നമ്മുടെ മനസ്സില്‍ ഇവിടെ കിടക്കട്ടേന്ന്...

കുറേനാളാവുമ്പോള്‍ തനിയേ മറവിയെന്ന റീസൈക്കിള്‍ ബിന്നിലേക്ക് മൂവാകും.. അതാ സൂക്ഷിക്കേണ്ടത് കേട്ടോ..

വേണു venu said...

ഒരിക്കലും മായില്ല ചെല ഓർമ്മകൾ. മറവിക്കും കാലത്തിനും അതിശയമായി . മരണമെന്ന റബ്ബറിനു മാത്രം തുടച്ചു മാറ്റാൻ കഴിയുന്നത് എന്ന് തോന്നാറുണ്ട്.!

Sandhya said...

ശരിക്കും എന്തിനാ അതൊക്കെ മായ്ച്ചുകളയുന്നത്. നല്ലതും ചീത്തയും വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും എല്ലാം കൂടി ചേര്‍ന്നതല്ലേ നമ്മളൊക്കെ! ഒക്കെ അവിടിരിക്കട്ടേന്ന്.

പിന്നെ എവിടെയോ വാ‍ായിച്ചതാണ് , “ശരിക്കൊന്ന് സൂക്ഷിച്ചുനോക്കിയാ‍ാലറിയാം, ഒരിക്കല്‍ വേദനിപ്പിച്ച അതേകാര്യമായിരിക്കും മറ്റുചിലപ്പോള്‍ സന്തോഷിപ്പിക്കുന്നത്. അതുപോലെ ചിലപ്പോള്‍ സന്തോഷിപ്പിച്ചവ തന്നെയാണ്, മനസിനെ കരയിക്കുന്നതെന്നും".

ശരിയല്ലേ ജോച്ചേച്ചീ?

- സ്നേഹത്തോടെ, സന്ധ്യ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓരോ ഓർമ്മയും മനസ്സിലെ താളുകളിൽ ഒളിപ്പിച്ചു വക്കുന്ന മയിൽ‌പ്പീലിയും വളപ്പൊട്ടുകളുമല്ലേ?ഒരു ജീവിതം മുഴുവൻ ജീവിച്ചു തീർക്കുമ്പോളും ഏറ്റവും അവസാനം ബാക്കിയാവുന്നത് ഇങ്ങനെ ശേഖരിച്ചു വച്ചിരിക്കുന്ന നുറുങ്ങുകളല്ലേ..ആരും കാണാതെ അവയെ ഒന്നെടുക്കാൻ, ഒന്നു താലോലിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്..ആ സന്തോഷത്തിനും സന്താപത്തിനും പകരം വക്കാൻ മറ്റെന്താണുണ്ടാവുക..

അതും ഒരു സുഖമല്ലേ..?ചില വേദനകളും സുഖങ്ങളാണ്..മധുര നൊമ്പരക്കാറ്റ് എന്നു പറയുമ്പോലെ..അവയെ മായ്ച്ച് കളയാതിരിക്കുക

ആശംസകൾ!

ജ്വാല said...

മറവി ചിലപ്പോള്‍ അനുഗ്രഹം ആയി തോന്നും!!
നല്ല വരികള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

നിൻ മനസ്സിൽ കുറിച്ചെതെല്ലാം പ്രിയയേ..
എൻ മറവിയാൽ മായിച്ചുവല്ലോ ഞാനും !

പിള്ളേച്ചന്‍ said...

മനസ്സിൽ പതിഞ്ഞത് മായ്ക്കാൻ കഴിയില്ലാല്ലോ നല്ല
വരികൾ ചേച്ചി

സസ്നേഹം
അനൂപ് കോതനല്ലൂർ

കണ്ണനുണ്ണി said...

ഫലസിദ്ധി ഉറപ്പില്ല.. പക്ഷെ ചേച്ചി..
ഒരു സൈക്കൊലൊഗിസ്ടിനെ കണ്ടാല്‍.. മനസ്സും ചിലപ്പോ മായിച്ചു കിട്ടും :)

chithrakaran:ചിത്രകാരന്‍ said...

മനസ്സിലെഴുതുന്നത് മായ്ക്കാനല്ലല്ലോ.

Malayali Peringode said...

ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്ന പലതും വേദനകളാണല്ലോ!
ആ വേദനകള്‍ പോലും ഇന്ന് ഒരു ആനന്ദലഹരിയാകുന്നു...
അത് മായാതെ, മറയാതെ...
അങ്ങിനെ കിടക്കട്ടെ...
മറവിയെ ഭയന്ന് വേദനകള്‍ നിറഞ്ഞ ഓര്‍മകള്‍
പെയ്‌തിറങ്ങുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയില്‍
ഞാനിത്തിരി തനിച്ചിരിക്കട്ടെ....

ങ്‌ഹാ...
പറയാന്‍ മറന്നു!!
കുഴൂര്‍ ജി പറഞ്ഞതുപോലെ
മനസ്സില്‍ കൊളുത്തിയ ഈ വരികളെങ്കിലും മായാതെ കിടന്നിരുന്നെങ്കില്‍....

Malayali Peringode said...
This comment has been removed by the author.
ശ്രീ said...

അതവിടെ കിടക്കട്ടെ ചേച്ചീ...

മീര അനിരുദ്ധൻ said...

മനസ്സിൽ വരച്ചിട്ടതും കുറിച്ചിട്ടതുമൊക്കെ കാലം മായ്ച്ചോളും ചേച്ചീ.നല്ല വരികൾ

★ Shine said...

Try to remember, you'll lost it.

Try to forget, you'll remember.

Nice concept.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുറിച്ചിട്ടതും വരച്ചിട്ടതും മായ്ക്കാന്‍ കഴിഞ്ഞാലും വിരല്‍പ്പാടുകള്‍ ബാക്കിയാകും..

പി എം അരുൺ said...

മനസ്സിൽ പോറിയിട്ടത്‌ ദുഃഖങ്ങളെങ്കിൽ പുതിയ അനൂഭവങ്ങൾ കൊണ്ട്‌ മായ്ക്കാൻ ശ്രമിക്കൂ ........
സന്തോഷങ്ങളെങ്കിൽ കിടന്നോട്ടേ അവിടെ.....

ചാണക്യന്‍ said...

മനസിലെഴുതിയതിൽ നിന്നും
അറിഞ്ഞതിൽ നിന്നും
മോചനമില്ല.......

എഴുതിയതിനെ മായ്ക്കാൻ ശ്രമിക്കുമ്പോഴും
അറിഞ്ഞതിൽ നിന്നുള്ള മോചനത്തിനു ശ്രമിക്കുമ്പോഴും

കൂടുതൽ ശക്തിയോടെ തെളിമയോടെ അവ നമ്മിൽ തന്നെ തിരിച്ചെത്തും....

വീകെ said...

ഈ ഓർമ്മകളിലാണ് ഞാൻ ജീവിക്കുന്നത്..
ഇതില്ലെങ്കിൽ ഞാനുമില്ല...

ഈ ഓർമ്മകൾ എനിക്ക് ജീവിക്കാൻ പ്രചോദനം തരുന്നു...

എനിക്കിതൊന്നും മറക്കാനിഷ്ടമില്ല....
ഞാൻ ആരാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുന്നത് ഈ ഓർമ്മകളാണ്...

SUNIL V S സുനിൽ വി എസ്‌ said...

ആഹാ... ഇത്‌ മനോഹരമാണ്..!
ആശംസകൾ..

Mukesh M said...

മായാതെ; മറയാതെ, മനസ്സിലെ മണിച്ചെപ്പില്‍ അങ്ങനെ പലതും..!!
ലളിതം, ഹൃദ്യം,മനോഹരം ഈ വരികള്‍ !!

Echmukutty said...

നല്ല വരികള്‍... നേരത്തെ കണ്ടിരുന്നില്ല അഭിനന്ദനങ്ങള്‍ ചേച്ചീ...