Monday, November 2, 2009

മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........



മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി
നിരത്തി എഴുതിയതൊക്കെ മായിച്ചു

പിന്നെ സ്ലേറ്റിലെഴുതിയത്
വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി

കടലാസില്‍ പെന്‍‍സിലുകൊണ്ടെഴുതിയത്
റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു.

പിന്നെ മഷിയും പേനയും ആയപ്പോള്‍
വൈറ്റ് ഇങ്ക് കൊണ്ട് മായിച്ചു

കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്തത്
ബാക്ക് സ്പെയിസ് അടിച്ചു ഞാന്‍ മായിച്ചു

എന്റെ മനസ്സില്‍ കുറിച്ചിട്ടതും വരച്ചിട്ടതും
എങ്ങനെ ഞാന്‍ മായിക്കും?

Monday, October 26, 2009

വീണ്ടുമൊരിക്കല്‍ കൂടി

Posted by Picasa

പുറത്ത് നല്ല തണുപ്പന്‍ കാറ്റ്!
വീണ്ടുമൊരു ശൈത്യം വരുന്നെന്ന് കാതിലോതുന്ന കാറ്റ്
അപ്പോള്‍ ചിന്തിച്ചത് നിന്നെ പറ്റിയാണ്
ഒരു കവിത പോലെ എന്നു പറയാന്‍ പറ്റില്ലയെങ്കിലും
എന്തൊക്കെയോ മനസ്സില്‍ നുരപൊങ്ങുന്നു..
നിന്റെ മണികിലുക്കം പോലുള്ള ചിരി ...
ഉറങ്ങി കിടക്കും മനസ്സിനെ ഉണര്‍ത്താന്‍
എന്നുമാ മണികിലുക്കത്തിനാവുന്നു....
കുറെ നാള്‍ ഏതോ ദിക്കിലേക്ക് മിണ്ടാതെ പോയാലും
ഏതോ ഒക്കെ ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന്
പുലമ്പിയ വാക്കുകള്‍ മാത്രം മറവി തിന്നുന്നില്ല
ദഹിക്കാതെ ദ്രവിക്കാതെ തണുത്തു മരവിക്കാതെ
ആ ഓര്‍മ്മകള്‍ ചുറ്റും തുണയായ് നിന്നു
നിന്നെ പോലെ നീ മാത്രമെയുള്ളു അതു നിനക്കറിയുമോ?
ആവോ ഇല്ലായിരിക്കുമല്ലേ?
അല്ലങ്കില്‍ നിനക്ക് നിശ്ചയമുണ്ടാവും
ഞാനെന്നുമിവിടെ തന്നെയുണ്ടാവുമെന്ന്
നീയെത്ര ദൂരേക്ക് പറന്നാലും തിരികെ എത്തുമ്പോള്‍
മഴ കാത്തു നില്‍ക്കുന്നൊരു വേഴാമ്പല്‍ പോലെ
നിന്നെ ഞാന്‍ കാത്തിരിക്കുമെന്നു
നിനക്ക് തീര്‍ച്ചയുണ്ടാവുമല്ലേ?
പറക്കാനോ നടക്കാനോ ആവില്ലാത്ത
പരാതിയോ പരിഭവമോ കാട്ടാനാവാത്ത ഞാന്‍
വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കട്ടെ
ഇനി ഒരു ജന്മമുണ്ടെങ്കില്‍..
നീയും ഞാനും ഇങ്ങനെ തന്നെയാവുമോ?

ചിത്രം കടപ്പാട് : ഗൂഗിള്‍ സെര്‍‌ച്ച്