Friday, January 23, 2009

അര്‍ബുദം....



വികൃതി പിടിച്ച
ഒരു കോശം,
ഒരു വെകിളി കാട്ടി!
കൂട്ടം വിട്ട്,വഴിവിട്ട് സഞ്ചരിച്ചു…
വളർന്നു വളർന്ന്
തിരികെ കൂട്ടത്തില്‍
ചേരാന്‍ വയ്യാത്ത
ധൂർത്തപുത്രനായി.
അപ്പോളവനെ
ഒറ്റപ്പെടുത്തിയ
മറ്റുള്ളവരുടെ ഭാവം
ഉൾക്കൊള്ളാനാകാതെ
അവൻ പോയൊളിച്ചത്
അവളുടെ മാറിടത്തിൽ!
കൂട്ടം തെറ്റിയവൻ,
കൊള്ളരുതാത്തവൻ,
നിഷേധി!!!
നീതിപാലകരായ
ഭിഷഗ്വരന്മാര്‍ ശിക്ഷവിധിച്ചു…
തിളങ്ങുന്ന വാൾ‌മുനയാൽ
അവനെയൊളിപ്പിച്ച
അവളുടെ മാറിടം ഛേദിച്ചു…
പിന്നെ അവൾക്ക്
ഒന്നൊന്നായി
നഷ്ടപ്പെട്ടുകൊണ്ടിരുന്നു… ‍
വികാരവായ്പോടെ,
മാതൃവാത്സല്യത്തോടെ,
പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......

18 comments:

G. Nisikanth (നിശി) said...

പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും എഴുത്തിലെ കയ്യടക്കം കൊണ്ടും ആസ്വാദ്യമായി...

അംഗഛേദം വന്ന അമ്മയുടെ വാത്സല്യം ഒരു തുടിപ്പായി ഹൃദയത്തിൽ നിറയുന്നു...

പതിവുരാഗങ്ങളിൽ നിന്നും താളങ്ങളിൽ നിന്നും മാറിപ്പാടാനുള്ള ഈ ശ്രമം എന്തുകൊണ്ടും അഭിനന്ദനാർഹമാകുന്നു...

തുടരുക...

ആശംസകളോടെ...

ചങ്കരന്‍ said...

നല്ല കവിത. ആശംസകള്‍

ഏ.ആര്‍. നജീം said...

ഹൃദ്യമായ രചനാരീതി..!

വ്യത്യസ്ഥ്യമായ ഒരു വിഷയത്തെ ഒരു മറ്റൊരു കോണിലൂടെ കാണാനും അവതരിപ്പിക്കാനുമുള്ള മാണിക്ക്യത്തിന്റെ ശൈലി അഭിനന്ദനീയമാണ്.

ഒപ്പം ഒരു മാതൃഹൃദയ വേദനയും നൊമ്പരപ്പെടുത്തുന്നു

തേജസ്വിനി said...

നല്ല കവിത ചേച്ചീ...മാതൃത്വത്തിന്റെ
വേദന അവസാനവരികളില്‍ നിറഞ്ഞിരിക്കുന്നു..പിറക്കാത്തയുണ്ണിയ്ക്ക് ഇല്ലാത്ത മുലയൂട്ടുന്ന അമ്മ ഒരു നൊമ്പരമായവശേഷിക്കുന്നു...

ചാണക്യന്‍ said...

നല്ല കവിത, അഭിനന്ദനങ്ങള്‍...

പാമരന്‍ said...

വികാരവായ്പോടെ,
മാതൃവാത്സല്യത്തോടെ,
പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......

കാപ്പിലാന്‍ said...

നല്ലൊരു കവിത .മൗന നൊമ്പരം ഉണര്‍ത്തുന്നു .

അനില്‍@ബ്ലോഗ് // anil said...

വേറിട്ടൊരു കവിത.

പക്ഷെ മനസ്സില്‍ തട്ടുന്നത് നീറ്റലാണെന്നു മാത്രം.

ആശംസകള്‍.

Sureshkumar Punjhayil said...

പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......

Ee mathruvathsallyathinumunnil enteyum Pranamangal...!!!

ഗീത said...

ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ചേച്ചീ.....

ജെയിംസ് ബ്രൈറ്റ് said...

നല്ല കവിതകള്‍. ബ്ലോഗു ഞാന്‍ ബുക്കു മാര്‍ക്കു ചെയ്തിട്ടുണ്ട്.വീണ്ടും വരാം.
അഭിനന്ദനങ്ങള്‍!

ബിന്ദു കെ പി said...

ഉഗ്രൻ കവിത ചെച്ചീ.. തീർത്തും വ്യത്യസ്തമായ പ്രമേയം.ചേച്ചിയുടെ കവിതകളിൽ എനിയ്ക്ക് ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.

ജിജ സുബ്രഹ്മണ്യൻ said...

വ്യത്യസ്തതയോടെ ഒരു നല്ല കവിത.നന്നായി ചേച്ചീ

mayilppeeli said...

വളരെ വ്യത്യസ്തമായ പ്രമേയം...മനോഹരമായ വരികള്‍.....ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചീ....

Unknown said...

എവിടേയോ ഒരു നോവ്..
അര്‍ബുദത്തെ വ്യത്യസ്തമായി നോക്കിക്കണ്ടിരിക്കുന്നു..
(വിവാഹ വാര്‍ഷികാശംസകള്‍!)

Malayali Peringode said...

നാലഞ്ചു തവണ ഞാനിതു വായിച്ചു....
നനയുന്ന കണ്ണുകളോടെയല്ലാതെ അവസാനിപ്പിക്കാനെനിക്കയില്ല!

എന്തോ...
പലതുകൊണ്ടും ജീവിതത്തില്‍ കണ്ട
ചില വേദനകളില്‍ തട്ടി
ചിതറിത്തെറിക്കുന്നു എന്റെ ഓര്‍മകള്‍!!

ഇല്ല,
ഇനി ഞാനിതു വായിക്കില്ല...
കരയാന്‍ എനിക്കിന്ന്
കണ്ണുനീരുപോലുമില്ലല്ലോ!!

അനീഷ് രവീന്ദ്രൻ said...

അവളോ താരാട്ടുന്നുണ്ടൊരു കുഞ്ഞിനെയുള്ളിൽ
കവിയും കണ്ണാൽ രക്ഷക്കാരെയോ തേടി...

അതിലും ഒരു പടി കൂടി നീറി ഇതു വായിച്ചപ്പോൾ!

പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......

മയൂര said...

പച്ചയ്ക്കെഴുതിയിരിക്കുന്നു, ഉമിത്തീ പോലെ നീറ്റുന്നു...